ചെറുതോണി: സംസ്ഥാന സര്‍ക്കാര്‍ ഈ വര്‍ഷം നടപ്പാക്കിയ ശ്രേഷ്ഠ വിദ്യാലയ പുരസ്കാരത്തിന്റെ മൂന്നാം സ്ഥാനം നേടി വാഴത്തോപ്പ് സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ജില്ലയുടെ അഭിമാനമായി. സംസ്ഥാനത്തെ സ്കൂളുകളുടെ വിവിധ മേഖലകളിലുള്ള പ്രവര്‍ത്തനം വിലയിരുത്തിയാണ് ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ വാഴത്തോപ്പ് സ്കൂള്‍ പുരസ്കാരത്തിന് അര്‍ഹമായത്. പാഠ്യപാഠ്യേതര പ്രവര്‍ത്തനങ്ങളിലെ മികവിന്റെ അടിസ്ഥാനത്തിലുള്ളതാണ് ഈ അവാര്‍ഡ്.
ഹയര്‍ സെക്കന്‍ഡറി പരീക്ഷയിലെ മികച്ച വിജയശതമാനം, കല, കായിക, പ്രവൃത്തിപരിചയ, ശാസ്ത്ര ഗണിത മേളകളിലെ ശ്രദ്ധേയമായ പങ്കാളിത്തം എന്നിവയും ഈ നേട്ടം കൈവരിക്കുന്നതിന് സഹായകമായി.
ഇടുക്കി രൂപത വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴില്‍ മൂന്നു പതിറ്റാണ്ടായി പ്രവര്‍ത്തിച്ചുവരുന്ന ഈ വിദ്യാലയത്തില്‍നിന്നു പഠിച്ചിറങ്ങിയ വിദ്യാര്‍ഥികള്‍ ലോകത്തിന്റെ വിവിധ മേഖലകളില്‍ ഉന്നത സ്ഥാനങ്ങള്‍ കൈവരിച്ചിട്ടുണ്ട്. ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഷോര്‍ട്ട് ഫിലിം, ഫ്ളാഷ് മോബ്, കൂട്ടയോട്ടം തുടങ്ങിയവയും സംഘടിപ്പിച്ചു. എന്‍എസ്എസ്, എന്‍സിസി, എയര്‍ഫോഴ്സ്, സ്കൗട്ട് ആന്‍ഡ് ഗൈഡ്, പവര്‍ ബ്രിഗേഡ്, കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് അഡോളസെന്റ് സെല്‍ തുടങ്ങിയ സംഘടനകള്‍ സ്കൂളില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചുവരുന്നു.
ജില്ലാതല സ്വാതന്ത്ര്യദിന, റിപ്പബ്ലിക് പരേഡുകളില്‍ കാലങ്ങളായി മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. ഹൈറേഞ്ച് മേഖലയില്‍ കൂടുതല്‍ പ്ലസ്ടു ബാച്ചുകളുള്ള ഈ സ്കൂളില്‍ ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടി ഉള്‍പ്പെടെയുളള മേഖലകളില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ പഠനം നടത്തുന്നുണ്ട്. ഇടുക്കി രൂപത കോര്‍പറേറ്റ് ഏജന്‍സിക്ക് കീഴിലുള്ള സ്കൂളുകള്‍ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്ന ബെസ്റ്റ് സ്കൂള്‍ അവാര്‍ഡ് തുടര്‍ച്ചയായി ഏഴ് വര്‍ഷം കരസ്ഥമാക്കിയ ചരിത്രവും സ്കൂളിന് സ്വന്തമാണ്.
സ്കൂള്‍ മാനേജ്മെന്റിന്റെയും പിടിഎയുടെയും നിര്‍ലോഭമായ പിന്തുണയും പുരസ്കാര നേട്ടത്തിന് കാരണമായി. അധ്യാപക ദിനമായ അഞ്ചിന് കോഴിക്കോട് കണ്ടംകുളം ജൂബിലി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രിയില്‍നിന്ന് പുരസ്കാരം ഏറ്റുവാങ്ങും.